Tuesday, March 19, 2013

എന്റെ മലയാളം

ശശീന്ദ്രൻ പുത്തൂർ 
ചാനലിൽ  സുന്ദരി വെട്ടിനിരത്തുന്ന  
'കൂതറ'ഭാഷയല്ലെ,ന്റെ മലയാളം
  
ഇംഗ്ലീഷ് സ്കൂളുകൾ അടവച്ചിറക്കുന്ന 
കുഞ്ഞുങ്ങൾ മൊഴിയുന്നതല്ല മലയാളം 

കൊടി വച്ച കാറിൽ പറന്നുനടക്കുന്ന 
മന്ത്രിമാരോതുന്നതല്ല മലയാളം 

കോളേജ് കൌമാരം നട്ടുവളർത്തുന്ന 
'ടാ ','ടി ' വിളിയല്ല നല്ല മലയാളം

മുട്ടിനു മുട്ടിനു ഇംഗ്ലീഷ് കോർത്തിട്ട് ,
മുട്ടുശാന്തിക്കായ് 'മലയാലം' ചേർത്തിട്ടു,
മച്ചിങ്ങ പോലുള്ള മൂക്കാത്ത വാചകം  
തട്ടിവിടുന്നതല്ലെന്റെ മലയാളം 

അരയിലുറയ്ക്കാത്ത കളസം കയറ്റീട്ടു, 
'അണ്ടർ വെയറി'ന്റെ ബ്രാന്റുകൾ കാട്ടീട്ട്,
കണ്ഠകൌപീനങ്ങൾ ചാർത്തി നടക്കുന്ന 
നവ 'ട്രെന്റി' ലുണരുന്നതല്ല മലയാളം

'ന്യൂ ജനറേഷൻ' സിനിമയെന്നോതീട്ട് 
തെറി'ഡയലോഗി'ൽ കലാശം നടത്തീട്ട് 
അമ്മ പെങ്ങന്മാർ ചെവി പൊത്തിയോടുന്ന 
മ്ലേച്ഛമാം ഭാഷയല്ലെന്റെ മലയാളം 

സർക്കാരാപ്പീസിൽ നിരവച്ചിരിക്കുന്ന 
പൊടിയുടെ മേലങ്കി ചാർത്തിയുറങ്ങുന്ന 
തീരുമാനത്തിനായ് കെട്ടിക്കിടക്കുന്ന 
ഫയലിൽ തെളിയുന്നതല്ല മലയാളം 

*******************************
അമൃതമാം പുഴയുടെ സംഗീതസാന്ദ്രത 
ഹരിതയാം കാടിന്റെ നിറമാർന്ന കൗതുകം 
വിടരുന്ന പൂവിന്റെ നിറവാർന്ന സൗരഭം 
ഇടചേർന്ന് നിറയുന്നതെന്റെ ഭാഷ 

ആത്മാവിലുണരുന്ന സൌമ്യഭാവങ്ങളെ 
കോരിത്തരിപ്പിക്കുമമൃത ഭാഷ 
ഏതൊരു ഭാഷയ്ക്കുമൊപ്പം പുലരുവാൻ 
കഴിവിയന്നുള്ളവളെന്റെ ഭാഷ

എന്റെ അമ്മ മലയാളം  !!!

  

  


Sunday, March 10, 2013

പ്രാര്‍ഥിക്ക ശാന്തിക്കായ്


ശശീന്ദ്രന്‍ പുത്തൂര്‍ 



ഓമനക്കണ്ണും പൂട്ടി അമ്മതന്‍ നെഞ്ചിന്‍ ചൂടില്‍ 
ചാഞ്ചക്കമുറക്കത്തില്‍ ചായും കുഞ്ഞിപ്പൂവേ !
നീയറിഞ്ഞില്ല  നീയാം പിഞ്ചിളം  പൂമൊട്ടിനെ
കാമപ്പിശാചിനാല്‍ കശക്കി ദൂരെ കളയുമെന്ന് 

മൂന്നു വയസ്സില്‍ പിച്ച നടക്കും പൂമ്പൈതലേ 
നിന്നെ കാമക്കണ്ണാല്‍ കാണുവാന്‍ ആര്‍ക്കാകുമോ ?
നീചനാം വേട്ടപ്പട്ടിക്കെന്തന്തരം ഹാ ! കഷ്ടം 
ദീനനാം മുയല്‍ക്കുഞ്ഞും പെണ്‍പുലിക്കൂട്ടങ്ങളും 

ആണിനെപ്പോലെ ഒരേ ആത്മാവും ശരീരവും 
പെണ്ണിലും നിറയുന്നതറിയു നീ നിശാചരാ!
നിന്റെ കാമക്കൂത്തില്‍ എരിയാനുള്ളതല്ല 
നാളെ തന്‍ വാഗ്ദാനമാം പിഞ്ചുകുഞ്ഞുങ്ങളൊന്നും 

പേപ്പട്ടിയെപ്പോലെ ലക്കുകെട്ടോടിപ്പോകും നിന്റെ
 കോമ്പല്ലില്‍ കോര്‍ക്കാന്‍ യോഗ്യയോ  ഇപ്പിഞ്ചോമന 
നീയൊരച്ഛനാണെന്നിരിക്കില്‍ നിന്‍ പുത്രിക്ക് 
ഈ ഗതി വരുമെങ്കില്‍ സഹിക്കാന്‍ സാധിക്കുമോ ?

എവിടെ എത്തിനില്‍ക്കുന്നു കേരളപ്രബുദ്ധത ?
അമ്മ മലയാളമേ! ലജ്ജിക്കാന്‍ തോന്നുന്നില്ലേ ?
എന്തു നിന്‍ മക്കള്‍ കാമക്കലിയുമായ് അലയുന്നു ?
സന്തതം നിന്‍ നൊമ്പരം കാണാത്തതെന്തേ അവര്‍ 

പെണ്ണിനെ ഭോഗിക്കുവാന്‍ കച്ച കെട്ടിയോര്‍ക്കെല്ലാം 
നീചസങ്കല്പത്തില്‍ വെറും ചരക്കാകുന്നു സ്ത്രീകള്‍ 
ഇത്തരം മനുഷ്യാധമന്മാരെ സഹിക്കുവാന്‍ 
എത്രനാള്‍ കഴിയുമോ ? കേരളമാതേ ദേവി 

സ്ത്രീയെ ദേവിയായി ആരാധിക്കും നാട്ടില്‍ 
പിഞ്ചുകുഞ്ഞിനെ പോലും കാമപൂര്‍ത്തിക്കായ് മാറ്റി 
ആര്‍ഷസംസ്കാരപ്പുകഴാടിയ ഭാരതഭൂവേ 
പ്രാര്‍ഥിക്ക ശാന്തിക്കായി, പെണ്ണിന്റെ മാനത്തിനായ് 


Wednesday, March 6, 2013

പ്രണയം

                                                                                                                              ശശീന്ദ്രന്‍ പുത്തൂര്‍ 

മൃദുലമാം  തളിരിന്റെ  നേര്‍ത്ത തലോടല്‍ പോല്‍ 
മനസ്സില്‍ നിറയ്ക്കുന്ന  പ്രേമം 
ഹൃദയമാം പുസ്തകത്താളില്‍ സൂക്ഷിക്കുവാന്‍ 
നിറമാര്‍ന്ന പീലിയായ്  പ്രേമം 
ചന്തത്തില്‍ വടിവാര്‍ന്ന രാഗപ്പൊലിമകള്‍ 
ചന്ദനം ചാര്‍ത്തിച്ച പ്രേമം 
മണ്ണില്‍ പണിയും കൃഷീവലസ്നേഹത്തില്‍ 
മണ്ണാര്‍ന്നു നിന്നതു പ്രേമം. 
വീട്ടിന്‍ വിളക്കായ് പ്രകാശം പൊഴിച്ചതു 
സഹധര്‍മമാര്‍ജിച്ച പ്രേമം 
ചിന്തയെ രാകി മിനുക്കിയൊരുക്കുവാന്‍ 
ചിന്തേരിലോടിയ പ്രേമം 
അന്തിപ്പകിട്ടേകും വാര്‍ധക്യസൂനത്തെ 
ഇതളിട്ടുണര്‍ത്തിയ പ്രേമം 
പുഞ്ചിരിവെട്ടത്തില്‍ പഞ്ചാരമിഠായി 
വാരി വിതറിയ പ്രേമം 
നിഷ്കാമഭാവത്തില്‍ നിഷ്കപടാഗ്നിയെ 
മന്നില്‍ കൊളുത്തുന്നു പ്രേമം 
സീമന്തരേഖയില്‍ സിന്ദൂരരേണുക്കള്‍ 
ചാര്‍ത്തിക്കൊടുത്തൊരാ പ്രേമം 
മോഹഭംഗങ്ങളില്‍ സ്നേഹക്കെടുതിയില്‍ 
കണ്ണുനീര്‍ വാര്‍ക്കുന്നു പ്രേമം 
ഒരു ജഡിലമോഹത്തിന്‍ ഊരാക്കുടുക്കിനാല്‍ 
ശ്വാസം നിലച്ചതാം  പ്രേമം 
ശാന്തികവാടത്തില്‍ വെന്തെരിഞ്ഞീടുന്നു  
ശാശ്വതസത്യമായ് പ്രേമം 
ഒരു വനപക്ഷിയുടെ രോദന പര്‍വത്തില്‍ 
അറിയാതുണര്‍ന്നൊരാ പ്രേമം 
ഒരു ക്രൗഞ്ചപ്പിടയുടെ വേദന പര്‍വത്തില്‍ 
നവരാഗഗാനമായ് മാറി 
പ്രേമമിതാരാനും കണ്ടുപിടിച്ചതോ? 
പ്രേമിയില്‍ മൊട്ടിട്ടുണര്‍ന്നുയരുന്നതോ 
ഏതെന്നുമെന്തെന്നുമെങ്ങനെയെന്നതു-
മറിയില്ലയെങ്കിലും ,ഒരു സത്യമറിയുന്നു 
ഒരു സുഖനോവായ് നനുനനെ സ്പര്‌ശമായ് 
ജീവനിലുറയുന്നു പ്രേമം 
    

Sunday, March 3, 2013

യഹ് അമൃതാ മാഡം കാ ഹേ ......!!!

                                                                                                   ശശീന്ദ്രന്‍ പുത്തൂര്‍ 

                  1992 ജാനുവരി മാസം .  ഞാന്‍ വടക്കേ ഇന്ത്യയിലെ ഒരു സ്കൂളില്‍ ജോലിക്ക് ചേര്‍ന്ന കാലം . ഹിന്ദിഭാഷയില്‍ പത്താം ക്ലാസ് വരെയുള്ള പ്രാവീണ്യം . എന്നു പറഞ്ഞാല്‍ എഴുത്തും വായനയും മാത്രം .  സംസാരശേഷി തീരെയില്ല . 'ഗാന്ധി  നഗര്‍ സെക്കന്റ് സ്ട്രീറ്റി'ലെ ഗൂര്‍ഖയെപ്പോലെ "മേം രാം സിംഹ് കാ ബേട്ടാ ഭീം സിംഹ് ..... ഹേ ... ഹോ ... ഹൈം'' ഇത്രമാത്രമാണ്‌ എന്റെ  ഹിന്ദി. ഒരു പക്ഷേ  മോഹന്‍ലാല്‍ അവതരിപ്പിച്ച  കഥാപാത്രം സംസാരിച്ചതിനേക്കാള്‍ കഷ്ടമായിരുന്നു എന്റെ ഭാഷ. സംഭവം  തുടരുന്നു .                                                                                                   ജനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍കാലം . റിപ്പബ്ലിക് ദിനാഘോഷം . ജില്ലാധി കാരിയാണ്‌ മുഖ്യാതിഥി . ആഘോഷപരിപാടികള്‍ പൊടിപൂരമാക്കാന്‍ കമ്മറ്റികള്‍ രൂപീ കരിച്ചു  . അടുത്തിടെ മാത്രം ജോയിന്‍ ചെയ്ത വെറും ശിശുവായ എനിക്ക് വച്ചുനീട്ടിയത്  'പരിസരശുചീകരണവും  മോടിപിടിപ്പിക്ക'ലും കമ്മിറ്റിയിലെ ഒരു സാധാരണ അംഗം. ഒരുപക്ഷേ മറ്റു ജോലികള്‍ക്ക് ഞാന്‍ അനുയോജ്യനാവില്ല എന്നു തോന്നിയതു കൊണ്ടോ അതോ പരിസരശുചീകരണപ്രവര്‍ത്തനങ്ങളില്‍ കഴിവുതെളിയിച്ചവന്‍ എന്ന്‍ ഒറ്റനോട്ട ത്തില്‍ വെളിപ്പെട്ടതുകൊണ്ടോ ആര്‍ക്കും വേണ്ടാത്ത കമ്മിറ്റിയിലെ അംഗമാകേണ്ട  ചുമതല ഇയുള്ളവന്റെ കൈകളില്‍ നിര്‌ബന്ധപുര്‍വം ഏല്പിക്കപ്പെട്ടു . കമ്മിറ്റിയുടെ അധ്യക്ഷ എന്നെക്കാള്‍ സീനിയറും കലാധ്യാപികയുമായ അമൃതാമാഡം .പഴയ രീതിയനുസരിച്ച് കമ്മിറ്റിയിലെ സീനിയര്‍ ജോലി ചെയ്യേണ്ട ചെയ്യിച്ചാല്‍ മതി . വളരെക്കുറച്ച്  ഭാഗം മാത്രം  വൃത്തിയാക്കിക്കുന്ന  ജോലി  അമൃത സ്വീകരിച്ച്  ബാക്കിഭാഗങ്ങള്‍ വൃത്തിയാക്കുന്ന ജോലി  എന്നെ ഏല്പിച്ചു . അനുസരണയുടെ "എ ബി സി ഡി " എന്തെന്നുപോലും അറിയാത്ത നാളെയുടെ വാഗ്ദാനങ്ങള്‍ സഹായിക്കാനായി എന്നോടൊപ്പം കൂടി . ഒരു ഇരുപത്തഞ്ചോളം കുട്ടികള്‍ . അവര്‍ തമാശകള്‍ പറഞ്ഞും ഇടയ്ക്കിടെ ഭാഷാപരിജ്ഞാനമില്ലാത്ത എന്നെ  ഓര്‍ത്ത് സന്തോഷിച്ചും അവരുടെ കലാപരിപാടികള്‍ നടത്തിക്കൊണ്ടിരുന്നു . പക്ഷേ ശുചീകരണം മാത്രം എങ്ങും എത്തിയില്ല . അമൃതാമാഡം വന്നുനോക്കിയപ്പോള്‍ ജോലികള്‍ ഒന്നും നടന്നിട്ടില്ല . അവര്‍ എന്റെ നേരേ പരിഹാസത്തില്‍ ചാലിച്ച ഒരു നോട്ടം അയച്ചു . എന്നിട്ട് കുട്ടികളെ വഴക്കുപറഞ്ഞു . ഞാന്‍ ഹിന്ദിയും ഇംഗ്ലീഷും കൂട്ടികലര്‍ത്തി ഒരുതരം അവിയല്‍ ഭാഷയില്‍ ചട്ടം പഠിപ്പിക്കാന്‍ നോക്കി . ഹിന്ദി അല്ലാതെ ഒരു വകയും ഇവറ്റകളുടെ ചെവിയില്‍ കയറാത്തതിനാല്‍ ഭാവഹാവാദികള്‍ കൊണ്ട് കര്‍മ്മോന്മുഖരാ ക്കാന്‍ ശ്രമിച്ചു . ഫലമോ നിരാശ.  എന്റെ ഭാവാഭിനയം അവരെ കൂടുതല്‍ ചിരിപ്പിച്ചു . മൊത്തത്തില്‍ അവര്‍ക്ക് തമാശ . എന്റെ ധര്‍മസങ്കടം കണ്ടു ദയ തോന്നിയ തൂപ് പുകാരന്‍ ശിവലാല്‍ എന്റെ സഹായത്തിനെത്തി. അയാളും കുട്ടികളും കൂടി ഒരുവിധം ജോലികള്‍ ചെയ്തു തീര്‍ത്തു .              

  കലക്ടര്‍ എത്താന്‍ ഇനി ഒന്നര മണിക്കൂര്‍ മാത്രം . വഴികള്‍ പരവതാനി കൊണ്ടു പൊതിഞ്ഞു . കൊടിതോരണങ്ങള്‍ ഇരുവശങ്ങളിലും കെട്ടി . ജോലിയില്‍ എവിടെയെങ്കിലും പാളിച്ചകള്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ പ്രിന്‍സിപ്പാളിന്റെ ഊരുചുറ്റല്‍ ആരംഭിച്ചു. അപ്പോഴാണ്‌ വഴിയില്‍ ചാണകം കിടക്കുന്നത് .  കോപാകുലനായി അദ്ദേഹം ആക്രോശിച്ചു . "യഹ്  ക്യാ ഹേ "-ഇതെന്താണ് ?'' അപ്പോള്‍ ഭാഗ്യദോഷത്തിനു  കമ്മിറ്റിക്കാരനായ ഞാന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ഹിന്ദി അറിയാത്ത അവസ്ഥയും പുതിയ സാഹചര്യവും എന്നെ കുഴക്കി . ഞാന്‍ രണ്ടും കല്പിച്ച് അറിയാവുന്ന ഹിന്ദിയില്‍ ഒരു കാച്ചു കാച്ചി . ഞാന്‍ പറഞ്ഞു "യഹ് അമൃതാമാഡം കാ ഹേ ". ഇത് കേട്ട മാത്രയില്‍ അവിടെ ഇരുന്ന ആളുകളെല്ലാം ഉറക്കെ ചിരിക്കാന്‍ തുടങ്ങി .മസില്‍ പെരുപ്പിച്ചെത്തിയ പ്രിന്‍സിപ്പാളും ചിരിച്ചു പോയി . ഞാന്‍ എന്താണെന്നറിയാതെ "എന്തോ കളഞ്ഞ അണ്ണാനെ പോലെ "  വിളറിയ ചിരിയുമായി നിന്നു. കൂട്ടത്തില്‍ മഹാന്മാരുടെ സഭയില്‍ ഈ ദുഷ്കര്‍മം ചെയ്ത പശുവിനെ പ്രാകി . (പശുവിനറിയില്ലല്ലോ കളക്ടറുടെ വില)                                    

     പിന്നീടാണ് എല്ലാം എനിക്ക് മനസ്സിലായത്‌ . ഞാന്‍ ഉദ്ദേശിച്ചതും അവര്‍ മ നസ്സിലാക്കിയതും രണ്ടും രണ്ടാണെന്ന്  . ഞാന്‍ ഉദ്ദേശിച്ചത് വൃത്തിയാക്കി വയ്ക്കേണ്ട സ്ഥലത്തിന്റെ ചുമതല അമൃതാ മാഡത്തിനാണെന്നാണ് . എന്നാല്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചത് ഇതെന്താണെന്നാണ്?ചാണകം അമൃതാ മാഡത്തിന്റെ ആണെന്നാണ്‌ കേട്ടുനിന്നവര്‍ മനസ്സിലാക്കിയത് . കുഴപ്പിക്കുന്ന കാര്യങ്ങളെ !!!