Friday, September 28, 2012

ആര് ?

ആര്?  
(മഹാകവി കുമാരനാശാന്റെ  “ഈ വല്ലിയിൽ നിന്നു ചെമ്മേ” എന്നു തുടങ്ങുന്ന കവിത വായിച്ചപ്പോൾ മനസ്സിൽ തോന്നിയ ചില വരികൾ...............!!!!!!!!!!!)

പാതിരാച്ചന്ദ്രന്റെ പാര്‍വണക്കിണ്ണത്തിൽ
പാലു നിറച്ചവനാര്?
തേജവാൻ സൂര്യന്റെ പൊന്നടുപ്പിങ്കലോ-
തീ പൂട്ടി നൽകിയതാര്?
അന്തിയാം മുത്തശ്ശി ചാഞ്ഞുനീങ്ങീടവേ
കരിമ്പടം ചാർത്തിച്ചതാര്?
ചുററുന്ന ഭൂമിയ്ക്ക് ചുററുവാനായിട്ടു
പട്ടാട നൽകിയതാര്?
കടലിന്റെ ആഴക്കയങ്ങളിൽ ചിപ്പിയുടെ
മിഴിനീരൊളിപ്പിച്ചതാര്?
ഊഴിയുടെ ഉർവരതയിൽ പുതുനാമ്പുകൾ
ചാലേ വിടർത്തിച്ചതാര്?
വിടരുന്ന പൂവിന്റെ ചുണ്ടിൽ ചെറുചിരി-
ച്ചോപ്പണിയിച്ചവനാര്?
കഠിനമാം പാറയുടെ നെറുകയിൽ പോലുമേ
തെളിനീരൊഴുക്കിയതാര്?
ആടും മയിലിന്റെ മൃദുലമാം പീലിയില്‍ 
വര്‍ണങ്ങള്‍ ചാലിച്ചതാര്?
ഒഴുകുന്ന  പുഴകള്‍ക്ക് സംഗീതമേകുവാന്‍
ജലവീണയേകിയതാര്?
ഭൂമിതന്‍ പന്തലിനു ചായം പുരട്ടുവാന്‍ 
നീലനിറമേകിയതാര് ?
നക്ഷത്രക്കുഞ്ഞുങ്ങള്‍ ഞെട്ടിയുണരുന്ന 
ജാലകം തീര്‍ത്തവനാര്?
നിറകാന്തിയുതിരുന്ന കിളികളുടെ ചിറകിലോ-
നിറശക്തി നല്‍കിയതാര്?
അറിയില്ല , കഴിയില്ല പറയുവാനെങ്കിലും 
നിറവാര്‍ന്ന സത്യമറിയുന്നു.
********************************
" നാമിങ്ങറിയുവതല്‍പം എല്ലാ -
മോമനേ ദൈവസങ്കല്‍പം ."












Friday, September 21, 2012

പനീര്‍ കീ സബ് ജി


പനീര്‍ കീ സബ്‍ജി 

      ന്നശാലയില്‍ അന്നും ബെല്ലടിച്ചു . ഉച്ചഭക്ഷണാവകാശത്തിനായി മുന്‍പേ ഗമിച്ചീടിന ഗോവു തന്റെ പിന്‍പേ ഗമിക്കുന്ന ഗോവിനെപ്പോലെ എല്ലാവരും മുന്നോട്ടു നീങ്ങി ചോട്ടാസാബ്  എല്ലാവരും എത്തുന്നതിനുമുമ്പു തന്നെ ഹാജര്‍ .പനിര്‍സബ്ജി ഇഷ്ടന്റെ ഒരു ദൌര്‍ബല്യമാണ് .ആ വീക്നെസ് ഇഷ്ടന് പലപ്പോഴും ചില നല്ല വിളിപ്പേരുകൾ  സമ്മാനിച്ചിട്ടുണ്ട്. പനീർസബ്ജിയുമായി മെസ്ബോയ് എത്തി. ഇഷ്ടൻ ഉടൻ തന്നെ ഡോങ്ക കൈക്കലാക്കി. “സാല, ഇസ്മേം ആലൂ ഹി ആലൂ ഹേ! ക്യാ രേ തുഝേ കുഛ് ഓർ പനീർ നഹീം ഡാൽ സക്തേ”. രത്നസിംഹ് ആക്രോശിച്ചു.ആക്രോശം കേട്ട മെസ്ബോയ് ഒന്നു ഭയക്കുന്നതായി നടിച്ചു.അതിനുശേഷം രത്നസിംഹ് ഡോങ്കാ തന്റെ നേര്‍ക്ക് അടുപ്പിച്ചു. വയലില്‍ വെള്ളം പൊങ്ങുമ്പോള്‍ പോക്കാച്ചിതവളകള്‍ കിടക്കുന്നതുപോലെ ഡോങ്കയില്‍ പൊന്തിക്കിടക്കുന്ന പനീര്‍ക്കഷണങ്ങളെ തവികൊണ്ടു വടിച്ചടുപ്പിച്ച് പ്ലേറ്റിലേക്ക് മാറ്റിക്കൊണ്ടിരുന്നു.അപ്പോൾ അടുത്തിരുന്ന  ഗൌതം  അർഥംവച്ചു ചിരിച്ചു..ചിലരെല്ലാം രത്നസിംഹിന്റെ നേർക്ക് കോപത്തിന്റെ കട്ടാരമുള്ളുകൾ എറിഞ്ഞു. രത്നസിംഹിനുണ്ടോ വല്ല കുലുക്കവും.ആശാൻ കുനിഞ്ഞിരുന്ന് അടിച്ചുവിടുകയാണ്. ഇടയിൽ തലപൊക്കി  നോക്കിയ ഇഷ്ടൻ കുറച്ചു സബ്ജികൂടി കോരിയെടുത്തു.അരേ! ഗുഡ്ഡൂ  റോട്ടീ ലാ”  റോട്ടിയുമായി ഗുഡ്ഡൂ ഹാജർ. അല്ലെങ്കിൽ മഹാനുഭാവന്റെ കോപം ചാലിച്ച തെറികളെടുത്ത് കുറിയിടേണ്ടിവരുമെന്ന് ഗുഡ്ഡുവിനറിയാം. മററുള്ള മഹാനുഭാവന്മാർ ഇരപിടിക്കാൻ കഴിയാതെ മേശയ്ക്കിരുവശവും വളിച്ച മോന്തയുമായി മനസ്സിൽ ചീത്തപറഞ്ഞുകൊണ്ട് ഇരുന്നരുളി. പാത്രത്തിൽ നിറച്ച പനീർസബ്ജിയുടെ മുകളിൽ ഇഷ്ടൻ പതിനഞ്ചോളം ചപ്പാത്തി അടുക്കിവച്ചു. ചപ്പാത്തിയുടെ ഭാരത്തിൽ സബ്ജി മുകളിലേക്ക് ഉയർന്നുവന്നു. ചന്ദ്രാകർഷണത്തിൽ കടൽ വെള്ളം ഉയരും പോലെ. ഒടുവിൽ ബാക്കി ഇരപിടിയന്മാർക്ക് ലഭിച്ചത് വെറും ‘ആലൂടുക്കടകൾ’ മാത്രം.
                                       സംതൃപ്തര്‍ യോഗം കൂടി ഹൈപവര്‍ മീറ്റിംഗിന് ശുപാര്‍ശ ചെയ്തു .ഉടന്‍ തന്നെ ഹൈപവര്‍ കമ്മിറ്റിയുടെ ഹൈപര്‍ടെന്‍ഷന്‍ മീറ്റിംഗ് കൂടി .എങ്ങനെ പനീര്‍ഭോജിയുടെ ആക്രമണത്തില്‍നിന്നും മറ്റുള്ള അന്നഭോജികളെ രക്ഷിക്കാം .ഒടുവില്‍ അതിനൊരുപായം കണ്ടെത്തി .പനീറിനെ ധൂളീകരിക്കാം അപ്പോള്‍ മറ്റുള്ളവര്‍ക്കും അതിന്റെ പൊട്ടും പൊടിയും കിട്ടിയാലോ ?അന്നുമുതല്‍ പനീര്‍സബ്ജിയില്‍നിന്നും ചതുരക്കട്ടകള്‍ അപ്രത്യക്ഷമായി .പകരം പൌഡറീകരിച്ച പനീര്‍ സബ്ജിയില്‍ എറിയപ്പെട്ടു . ദുഃഖിതനും നിന്ദിതനും പീഡിതനുമായ നമ്മുടെ  സ്വന്തം ഇഷ്ടന്‍ പിന്നീട് പനീര്‍സബ്ജി  വയ്ക്കുമ്പോള്‍ ദീര്‍ഘശ്വാസം വിട്ടു . ആ ദീര്‍ഘശ്വാസം മറ്റുള്ളവര്‍ക്ക് ഓടക്കുഴൽ കേൾക്കുന്ന സുഖം നൽകി. എങ്കിലും നമ്മുടെ സ്വന്തം ആൾ ദുഃഖം പുറത്തുകാട്ടിയില്ല. മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് പനീറിന്റെ സൂക്ഷ്മകണങ്ങൾ സൂക്ഷ്മതയോടെ തപ്പിയെടുക്കാൻ തുടങ്ങി. മൈക്രോസ്കോപ്പിലൂടെ ശാസ്ത്രജ്ഞന്മാർ സൂക്ഷ്മജീവികളെ നിരീക്ഷിക്കും പോൽ.

അടിക്കുറിപ്പ്
പനീർകണികകളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഡോക്ടറേറ്റ് ലഭിക്കാന്‍  സാധ്യത  കാണുന്നു .


ശശീന്ദ്രന്‍ പുത്തൂര്‍ 



































































 

Thursday, September 13, 2012

സ്വാതന്ത്ര്യമെന്നതിന്നർഥമെന്ത്?

സ്വാതന്ത്ര്യമെന്നതിനര്‍ഥമെന്ത് ?

 സ്വാതന്ത്ര്യമെന്നതിന്നര്‍ഥമെന്തെന്നു ഞാന്‍ 
 തേടിയലയുന്നു നാട്ടില്‍ 
നാവില്‍ നിന്നൂറുന്ന വാക്കുകളൊക്കെയും  
 ബന്ധനത്തിന്‍ വിലയാമോ ?
വാക്കടവച്ചു വിരിയിച്ച കുഞ്ഞുങ്ങള്‍ 
അര്‍ഥത്തെ തേടിയലഞ്ഞു 
സ്വാതന്ത്ര്യ മോഹമില്ലാതെയാ ചങ്ങല-
ക്കൂട്ടില്‍ നിശ്ശബ്ദം സഹിച്ചു 
അന്ധകാരാഴിയില്‍ മുങ്ങി നിവര്‍ന്നവ 
ചിത്തം  മുറിപ്പെടുത്തുന്നു 
കടുവാക്കു നിലവിട്ടു പടരുന്നതോര്‍ത്തിട്ടു 
കവിഹൃദയമലറിച്ചിരിച്ചു 
കൂടെപ്പിറപ്പിനെ കൂടെപ്പിറപ്പുകള്‍ 
വേട്ടയാടിത്തകര്‍ക്കുന്നു 
അണ്ണനും തമ്പിയും പോരിട്ടു ജന്മങ്ങള്‍ 
മണ്ണിന്നടിയിലാക്കുന്നു.
അമ്മപെങ്ങന്മാരെ,പൊന്മകളെപ്പോലും 
നന്നായ് തിരിയാതെയായി 
ദീനരാമവരുടെ രോദനപര്‍വങ്ങള്‍ 
*'നീറോ'വിനോദമായ്‌ മാറി 
ശബ്ദത്തിനര്‍ത്ഥം കുറയുന്നു വാക്കുകള്‍ 
പച്ചത്തെറികളാകുന്നു 
മനസ്സിന്റെ കോണുകളിലുറയുന്ന മാലിന്യം 
നാവിന്റെ  തൂമ്പയാല്‍ കോരി 
വാരി വിതറി ഈ മാനവചേതന 
ആകവേ നാറ്റിക്കളഞ്ഞു 
ആ നാറ്റമിപ്പൊഴോ മണമായി മാറുന്നു 
നായ മലം മണക്കുംപോല്‍ 
കഷ്ടം! പഴയതാം സംസ്കൃതചേതന 
എവിടെയോ പോയി മറഞ്ഞു!
അതിനെതിരെയുയരുന്നതൊക്കെയും നോക്കിയാല്‍ 
വിലകെടും ജല്‍പനം മാത്രം 
നിറയുമൊരു സന്ധ്യയുടെ ഹൃദയനിണസൌരഭം 
രാത്രിയാം രാക്ഷസി മോന്തി 
അതിനിടയില്‍ രാത്രിയുടെ കുറുനിരകളൊക്കെയും 
ഭൂമിയുടെ മാറിലായ്‌ വീണു 
അതുകണ്ടു കവിതയുടെ നിലാവെളിച്ചത്തിലോ 
പുതു ഭൂമിപുത്രന്‍ പിറന്നു .


ശശീന്ദ്രന്‍ പുത്തൂര്‍
( * റോംനഗരം കത്തുമ്പോള്‍ വീണമീട്ടിയ നീറോ ചക്രവര്‍ത്തിയെ അനുസ്മരിച്ച് )









































    
             

Monday, September 10, 2012

കവിതയുടെ സ്വന്തം കവി

കവിതയുടെ സ്വന്തം കവി 

 നിന്‍ വിരല്‍ത്തുമ്പില്‍ വിരിയുന്നു സംഗീതം 
നിന്‍ മന്ദഹാസത്തില്‍ വിടരുന്നു പൂക്കള്‍ 
നിന്‍ ചൊടികളില്‍ കളിയാടുന്നു വണ്ടുകള്‍ 
നിന്‍ മര്‍മ്മരത്തില്‍ നിറയുന്നു പ്രണയം 
നിന്‍ വശ്യനോട്ടത്തില്‍ മയങ്ങുന്നു മാനസം 
നിന്‍ പദനര്‍ത്തനം നല്‍കുന്നു ലാസ്യത
നിന്നില്‍ നിറയുന്ന മഞ്ഞിന്‍കണികകള്‍ 
കണ്ണില്‍ നിറയ്ക്കുന്നു ശീതളസ്പര്‍ശം 
എന്നിലെ ഭാവനയുടെ വര്‍ണങ്ങളില്‍ നീ 
എന്നെ പുണരുന്ന കവിതയായ് മാറുന്നു 
നിന്‍ സുഖലാളന  സൗകുമാര്യങ്ങളില്‍ 
എന്നിന്ദ്രിയങ്ങളില്‍ നിര്‍വൃതി ചാര്‍ത്തുന്നു   

ശശീന്ദ്രന്‍ പുത്തൂര്‍     

Sunday, September 9, 2012

താജ്‌മഹല്‍ തെരുവിലെ പെണ്‍കുട്ടി

താജ് മഹല്‍ തെരുവിലെ പെണ്‍കുട്ടി

 

                                                     എനിക്ക് അവളെ അറിയില്ല. എങ്കിലും എനിക്ക് അവളെപ്പറ്റി എല്ലാം അറിയുന്നപോലെ. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലെ കുറുമ്പിയായ ഒരു കൊച്ചുപെണ്‍കുട്ടി. ഒരുപക്ഷെ നിങ്ങളും അവളെ അറിയുമായിരിക്കും. അവളുടെ പേര് എന്തെന്ന്‍ എനിക്കറിയില്ല. എങ്കിലും ഞാന്‍ അവള്‍ക്ക് ഒരു പേര് നല്‍കാന്‍ ആഗ്രഹിക്കുന്നു . ഗാര്‍ഗി . പുരാണത്തിലെ ഗാര്‍ഗിയെയും മൈത്രെയിയെയും ഞാന്‍ അറിയും.എന്നാല്‍ അവരില്‍നിന്ന് തീര്‍ത്തും വ്യത്യസ് തയാണ്  എന്റെ ഗാര്‍ഗി .
                                                     താജ് മഹല്‍ തെരുവിലൂടെ ഞാന്‍ നടന്നുപോകുമ്പോഴാണ് അവളെ കണ്ടുമുട്ടിയത് . നിറവയറുമായി ഭര്‍ത്താവിന്‍റെ പിന്നില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന ഒരു കൊച്ചു പെണ്‍കുട്ടി ചുള്ളിക്കമ്പുപോലെ ശോഷിച്ച കൈകള്‍ .സാരിയില്‍ മുഖം മൂടി സൈക്കിളിന്‍റെ പിന്നില്‍ അവള്‍ പറ്റിപ്പിടിച്ചിരുന്നു.വിളറി വെളുത്ത ശരീരം. അവള്‍ക്ക് കൂടിപ്പോ യാല്‍ പന്ത്രണ്ടോ പതിമൂന്നോ വയസ്സു കാണും. സാരിയേക്കാള്‍ അവള്‍ക്കിണങ്ങുക ഒരു ഹാഫ് സ്കര്‍ട്ടും ജംബറുമായിരുന്നു . മാതാപിതാക്കള്‍ കെട്ടുദോഷം തീര്‍ത്ത് പടിപ്പുര കടത്തിവിട്ട പിഞ്ചുബാലിക . കുട്ടിത്തംവിടും മുമ്പേ അമ്മയാകേണ്ടി വന്ന പാവം കുട്ടി. അവള്‍ ഒരുപക്ഷേ പ്രസവത്തോടെ മരിച്ചേക്കുമോ? അതോ കുട്ടിക്ക് ജന്മം നല്‍കി നിത്യനരകത്തിന്റെ കാനല്‍ജലത്തില്‍ ഗതി കിട്ടാതെ അലയുമോ? അതോ ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും നാത്തൂന്‍മാരുടേയും ചവിട്ടും കുത്തും സ്വീകരിച്ച് ജീവിക്കേണ്ടിവരുമോ? ഒടുവില്‍ "രാം നാം സത്യ് ഹേ " പാടി ഏതോ ശ്മശാനഭൂമിയില്‍ വിലയം കൊള്ളുമോ? ആര്‍ക്കറിയാം . അവള്‍ തന്നെ സത്യത്തിനുനേരെ ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു . 

ശശീന്ദ്രന്‍ പുത്തൂര്‍

രാധായനം

രാധായനം  (കവിത )

ശശീന്ദ്രന്‍  പുത്തൂര്‍ 

 പ്രകൃതിയുടെ നിറവിലായ്  നവഭാവഗീതങ്ങള്‍ 
ഉരുവിടാനെന്തേ മടിച്ചു 
അമൃതസുഖശീതളോന്മേഷിത രാഗങ്ങള്‍   
പാടുവാനെന്തേ മറന്നു 
പച്ചത്തുരുത്തിലെന്‍ പ്രണയാര്‍ദ്രഭാവങ്ങള്‍ 
പ്രകടിതമാകാതെ നിന്നൂ 
പറയൂ , നീ രാധേ! നിന്‍ നവപുഷ്പഖചിതമാം 
മുടിയിഴകള്‍ കെട്ടാതെ നിന്നോ? 
കൃഷ്ണവര്‍ണാഞ്ചിത മഴമേഘജാലങ്ങള്‍ 
ഓര്‍മ്മയുടെ വേട്ട നടത്തി 
കൂര്‍ത്തു വളഞ്ഞോരാ കോമ്പല്ലിന്‍ കുത്തലില്‍ 
ഓര്‍മ്മ തന്‍ ലോകം മരിച്ചു 
അറിയുവാനരുതാത്ത വിഷഭൂമിയില്‍ സ്വയം 
ഹോമിച്ചു കര്‍മ്മം തുലച്ചു 
നിന്‍റെ നവപേശല സുന്ദരഭാവങ്ങള്‍ 
തെരുവിന്‍റെ മൂലയിലായി 
നിന്‍  നടനത്തിന്‍റെ ആഹാര്യശോഭകള്‍ 
അല്‍പവസ്ത്രത്തിലൊതുങ്ങി 
നഗരകൌതൂഹല സുഖസാഗരത്തില്‍ നീ 
നഗ്നനൃത്തങ്ങള്‍ നടത്തി 
മാംസക്കൊതി പൂണ്ട കഴുകന്‍റെ കണ്ണിലോ 
നീ വെറും പിണമായി മാറി 
നിന്നെ പുകഴ്ത്തിയ കവിയുടെ ഭാവന 
അംഗങ്ങള്‍തോറും നിറഞ്ഞു 
നിര്‍ലജ്ജിതരാകും വേട്ടനായ്ക്കള്‍ക്കൊപ്പം
നിന്നെയെറിഞ്ഞു  കൊടുത്തു 
അവ നിന്‍റെ നന്മ തന്‍ പേലവസത്യത്തെ 
കൊതിയോടെ തിന്നു കൊഴുത്തു 
മതിയോടെ നിന്നവര്‍ നിന്നപദാനങ്ങള്‍ 
വാഴ്ത്തി സദാചാരഭാവം 
ആ നരിപ്പറ്റത്തിന്‍ ഓലി മുഴങ്ങി ഹാ
നിസ്സംഗയായ്  മാറിനിന്നോ?
"നീയാണ് സാവിത്രി, നീയാണ് സീത,
നീയാണ്  ചാരിത്രശുദ്ധ"
എന്നവര്‍  പാടി, നിന്‍ നന്‍ മടിക്കുത്തിലോ
ദുശ്ശാസനപര്‍വമാടി
അറിയുന്നു രാധേ! ഞാന്‍ നിന്‍ പരാധീനത 
അറിയുന്നു  നിന്‍ ദുഃഖസത്യം 
നിന്‍ പതിത്വത്തിന്റെ ശാപമുകുളങ്ങള്‍ 
എന്നടര്‍ന്നൂഴിയില്‍ വീഴും
നിന്നില്‍ പുനര്‍ജീവിതത്തിന്‍ നിറമാല 
ചാര്‍ത്തുവാന്‍ കണ്ണന്‍ വരുമോ?
നിന്‍ ശിലാചേതസ്സില്‍ രാമനാമപദം 
നിന്നെ മോക്ഷാര്‍ഥിയായ് തീര്‍ത്തോ?
എന്നിലെ തോന്ന്യാക്ഷരങ്ങള്‍ നിന്നോര്‍മയില്‍ 
കണ്ണുനീര്‍ പൂക്കള്‍ വിടര്‍ത്തും 
നിന്‍ നവജീവിതപ്പാതയില്‍ പുത്തനാം 
സൗഗന്ധികങ്ങള്‍ വിടരും .