Saturday, April 27, 2013

പൊടിയും പൊട്ടും -3

                                                                                                                                                      ശശീന്ദ്രൻ പുത്തൂർ 
(1)
മാവിന്റെ ചില്ല -
തോറും ഉണ്ണികളുടെ
സമ്മേളനം .

(2)
കാറ്റിന്റെ കൈയിൽ
മണം പുരട്ടി റോസും
പിന്നെ മാലതിയും

(3)
അക്ഷരത്താളിൽ  നിറഞ്ഞതക്ഷരമല്ല, കവിയുടെ കരൾനോവ് .

(4)
ചന്ദ്രൻ മോന്തീ കള്ള്
ആകാശിന്റെ ഷാപ്പിൽ
വേച്ചു വേച്ചു പോയി
മറിഞ്ഞു വീണു കുളത്തിൽ
നക്ഷത്രങ്ങൾ സാക്ഷി
ചന്ദ്രൻ മുങ്ങിച്ചത്തു.

(5)
ഹൃദയത്തിൽ
കോർത്തുവച്ചു ഞാൻ
അനുഭവത്തിന്റെ
നിറമുത്ത് .

(6)
ചിന്ത തൻ കനൽ
എരിയുന്നു, നിന്ദ തൻ
നെരിപ്പോടിൽ.

(7)
ഊറ്റി ഊറ്റി ഉറവ വറ്റിയ കിണറാണ് ഭാവന.

(8)
പണ്ട്
ഭക്തൻ ഭഗവാനെ മനസ്സിൽവച്ച്  പൂജിച്ചു. .
ഇന്ന്
ഭക്തൻ ഭഗവാനെ വെറും കൈക്കൂലിക്കാരനാക്കി.

(9)
എന്റെ  ഹൃദയവേണുവിൽ
ശ്വാസം നിറച്ചു നീ
ശ്രുതിലയസംഗീതം.

(10)
ജനിമൃതികൾ
തൊട്ടുവച്ചു
ജീവിതചക്രം.



   

Friday, April 26, 2013

ഗ്രാമക്കാഴ്ചകൾ


‘ചീനപഗോഡ’പോൽ നിരവച്ചിരിക്കുന്ന                                                                                                 ചാണകവറളി തൻ ഗോപുരം കണ്ടു  

മണ്ണിൽ കൃഷീവലർ സ്വേദമാം തുള്ളികൾ 
പൊന്നാക്കി മാറ്റുന്ന ജാലങ്ങൾ കണ്ടു 

ഗ്രാമക്കിടാങ്ങൾ നിലവിട്ടു നഗ്നരായ് 
ചേറിൽ കളിക്കുന്ന കാഴ്ചകൾ കണ്ടു 

ഗ്രാമീണപ്പെണ്ണ് മുഖം മറച്ചാ ഭംഗി 
അന്യർക്ക് അന്യമാം സംസ്കൃതി കണ്ടു. 

തണ്ണീർക്കുടവുമായ് അണിയായ് നീങ്ങുന്ന 
പെണ്ണുങ്ങൾ കണ്ണിലെ സ്വപ്നങ്ങൾ കണ്ടു 

മനസ്സിന്റെ അകലങ്ങൾ കുറയുവാനായ് തീർത്ത 
ഇടതിങ്ങി നിറയുന്ന കുടിലുകൾ കണ്ടു . 

പൊടിമണ്ണിളകിപ്പറക്കുന്ന പാതയിൽ 
നിരവച്ചു നീങ്ങുന്ന വണ്ടികൾ കണ്ടു 

വേപ്പിൻ മരത്തണൽതോറും നിരക്കുന്ന 
'ചാർപ്പായി'ക്കട്ടിലിൽ ചാഞ്ഞിരുന്നന്യോന്യം 
ഹുക്കാ വലിച്ചു വെടിവട്ടമോതുന്ന 
വൃദ്ധജനങ്ങൾ തൻ യോഗങ്ങൾ കണ്ടു . 

തൊടിയിലെ  തേന്മാവ് പുഷ്പിണിയായെന്ന്   
വണ്ടിനോടോതുന്ന കാറ്റിനെ കണ്ടു 

പാടവരമ്പിലോ  ധ്യാനാനുശീലനം
 തെറ്റാതെ ചെയ്യുന്ന കൊറ്റിയെ കണ്ടു

ഷഡ്ജസ്വരങ്ങളാൽ ജതികളുണർത്തുന്ന 
മാമയിൽപക്ഷികൾ ചുറ്റുന്ന കണ്ടു 

മന്ദ്രമധുരമാം പഞ്ചമസ്ഥാനങ്ങൾ
പാടിയുണർത്തുന്ന കുയിലിനെ കണ്ടു . 

ആടിക്കുണുങ്ങി നാണം കാട്ടിയോടുന്ന 
കുഞ്ഞിക്കുളക്കോഴിപ്പെണ്ണിനെ കണ്ടു 

ചന്തം നിറയ്ക്കുന്ന കൂടുകൾ നെയ്യുന്ന 
സുന്ദരനെയ്‌തൽക്കിളികളെ കണ്ടു 

യമുനയുടെ ഓളപ്പരപ്പിൽ തിമിർക്കുന്ന
കന്നാലിപ്പിള്ളരാം കുട്ട്യോളെ കണ്ടു . 


എന്തിനി കാണുവാൻ കാഴ്ചകൾ?ഞാൻ വാഴും 
 ഗ്രാമസൌഭാഗ്യത്തിൻ ദൃശ്യപ്പൊലിമകൾ!!!                                                            ശശീന്ദ്രൻ പുത്തൂർ 




                                                                                              

Tuesday, April 23, 2013

പൊടിയും പൊട്ടും -2

  ശശീന്ദ്രൻ പുത്തൂർ 
(1)
മഴനൂലിൽ
കോർത്തെടുത്ത
മരതകമാലകൾ.

 (2)
കുന്നിനെ കുനിപ്പിച്ചഗസ്ത്യൻ
അഗസ്ത്യനെ കനപ്പിച്ചു കുന്ന്

(3)
നാടിന്റെ നാവുകൾ
വെട്ടിയരിഞ്ഞു
ശ്രുതിസുഖസാരേ....!!!

(4)
കരളിൽ
കോർത്ത ചൂണ്ട
പൊട്ടില്ല.

(5)
നീരിന്റെ
നാരുകൾ ഇഴ-
പിരിഞ്ഞു

(6)
യോഗ്യതകൾ 
ചെരുപ്പിന്റെ 
വാറഴിക്കുന്നു

(7) 
ജീവിതം
തൊട്ടുനക്കി
സ്വാദെന്തേ


(8)
രാത്രിയുടെ ഹാലജൻ 
കരിവീണു മങ്ങി .

(9) 
ആകാശച്ചെപ്പിലെ
കുങ്കുമമെല്ലാമേ
രാവിൻ കുസൃതി
വലിച്ചെറിഞ്ഞു .

 (10)
നിഴലിൽ നിലാമഴ
കരളിൽ കടുംതുടി
ഉഴലുന്നു പ്രണയം

 (11)
കിനാവിന്റെ  കാനൽജലം
വേനലിന്റെ നാവിൽ
ആരോ തൊട്ടുവച്ചു

(12)
ശ്രുതി ചേരാ വീണയിൽ
ശ്രുതി ചേർത്തുവച്ചു
അത് ദാമ്പത്യം .







Sunday, April 21, 2013

ഭൂമി

ശശീന്ദ്രൻ പുത്തൂർ 
ഒഴുകും പുഴയുടെ തണുവെവിടെ കുഞ്ഞേ ?
പെയ്യും മഴയുടെ കുളിരെവിടെ കുഞ്ഞേ?
വിടരുന്ന പൂവിന്റെ മണമെവിടെ കുഞ്ഞേ?
പാറുന്ന പക്ഷിയുടെ പാട്ടെവിടെ കുഞ്ഞേ?

നനുനനെ സ്പർശമായ് ഹൃദയം നിറച്ചൊരാ-
നവഗന്ധമുതിരുന്ന കാറ്റെവിടെ കുഞ്ഞേ?
ഓർമകളിൽ ചന്ദനലേപം മണക്കുന്ന
മുനിമാർ തപംചെയ്ത കാടെവിടെ  കുഞ്ഞേ?

നിഴലായ്, വെളിച്ചമായെ,ൻ കുഞ്ഞുലോകത്തു
നിറമാർന്ന ചിത്രം ഒരുക്കിയ പ്രകൃതി നീ
ഒരു വിടൻ വേനൽതൻ ചൂഴ്ന്ന നോട്ടത്തിലോ
ചൂളി, കരിഞ്ഞുണങ്ങാറായി നിന്നുപോയ് .

പച്ചപ്പൊടിപ്പായ് മനസ്സിൽ സൂക്ഷിച്ചൊരാ-
ഭൂമിതൻ മുഖകാന്തിയെവിടെന്റെ കുഞ്ഞേ
ദുര തന്റെ അമ്ലത്തിൽ പൊള്ളിയടർന്നുവോ
കണ്ടാലറയ്ക്കുന്ന പേക്കൊലമായിതോ ?

ചുട്ടുപൊള്ളിച്ചു നാം ഭൂമിതൻ മാറിനെ
സ്തന്യം ചുരത്തിയോരമ്മ തൻ നെഞ്ചിനെ
വെട്ടിയെടുത്തു ആ പാൽചുരത്തും മാറ്
വീശിയെറിഞ്ഞിതാ  കണ്ണീർത്തടങ്ങളിൽ.

ചുടലക്കളത്തിലുയർത്തുന്ന സ്മാരകം
പോലവേ നമ്മൾ നിറച്ചു സൌധങ്ങളും
ഒറ്റക്കുലുക്കത്തിലെല്ലാം നശിപ്പിച്ചു
ഭൂമി പ്രതികാരദാഹിയായ് മാറിയോ?

സർവംസഹയ്ക്കും സഹിക്കാൻ കഴിയുന്ന
സീമകളുണ്ടെന്നതോർക്കനീ പൊന്നുണ്ണി
നിൻ നവലോകത്തിലെങ്കിലുമീയൂഴി
നന്മതൻ കേദാരമായ് വിലസീടട്ടെ.

ഹൃദയത്തിൽ തൊട്ടുവച്ചാഹ്ലാദമേകുവാൻ
നവവസന്തത്തിന്റെ പൂമാല കോർക്കുവാൻ
അമൃതയാം ഭൂമിയെ പട്ടു ചുറ്റിക്കുവാൻ
ഹൃദയമുരുക്കി പ്രകാശം നിറയ്ക്കുവാൻ

ആകട്ടെ നിൻ നവലോകത്തിനെപ്പോഴും
നീയാണ് ആശതൻ പൊൻകിരണപ്പൊരുൾ.



  
   

Friday, April 19, 2013

മോഹങ്ങൾ




ഇരുളിനെ ഗർഭത്തിലേറ്റിയ രാത്രിക്ക് 
നിറവെളിച്ചം ജനിച്ചെങ്കിലി,ഷ്ടം !
തൊടിയിലെ തുടലിപ്പടർപ്പിലെ കൈനാറി 
മണമെഴും പൂവിനായ് കൊതിപിടിച്ചു 

മുറ്റത്തെ ചെന്തെങ്ങിൻ കൈകളിൽ കൂടേറ്റി 
മുട്ടയിട്ടടയിരുന്നോർത്തു!  കാക്ക 
മുട്ട വിരിഞ്ഞുണർന്നെത്തുന്ന കുഞ്ഞുങ്ങൾ 
കുയിലിനെ വെല്ലുന്ന പാട്ടുപാടും 

അതുപോലെ കവികളും മനസ്സിൽ സൂക്ഷിക്കുന്നു 
നാളെ ജനിക്കുന്ന കവിതയെല്ലാം 
ഒരു മഹാകവിതയായ് മാറുമോ അവയാലേ 
ഒരു നവലോകം തുറന്നിടുമോ ?  


ശശീന്ദ്രൻ പുത്തൂർ 






Wednesday, April 17, 2013

ഒരു വ്യത്യസ്തമായ യാത്രാനുഭവം

            ശശീന്ദ്രൻ പുത്തൂർ 

        1991 ഒക്ടോബറിന്റെ ആദ്യദിനം . പോസ്റ്റ്‌ മാൻ ഒരു രജിസ്റ്റേർഡ് തപാൽ എന്നെ ഏല്പിച്ചു . അന്ന് ഞാൻ കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥി.കത്ത് ഒപ്പിട്ടു വാങ്ങി . പൊട്ടിച്ചു നോക്കിയപ്പോൾ അപ്പോയിന്റ്മെന്റ് ഓർഡർ ആണ് . ഉത്തർ പ്രദേശിലെ ബുലന്ദ് ശഹർ ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്ക്‌ മലയാളം അധ്യാപകന്റെ ഒഴിവിലേക്കുള്ള ഉദ്യോഗ ക്കരാർ.ഒക്ടോബർ പതിനഞ്ചിനുള്ളിൽ ജോയിൻ ചെയ്യണം.  ഏതൊരു തൊഴിലന്വേഷകനെയും പോലെ മനസ്സിൽ സന്തോഷവും ആകാംക്ഷയും പൊട്ടിമുളച്ചു. മാതാപിതാക്കളുടെയും ഗുരുനാഥൻ മാരുടെയും അനുവാദത്തോടെ കിട്ടിയ ജോലി സ്വീകരിക്കാൻ തീരുമാനിച്ചു .




          അന്ന് 1991 ഒക്ടോബർ പന്ത്രണ്ട് . അറിയപ്പെടാത്ത നാട്ടിലേക്ക് പറിച്ചു നടപ്പെടാൻ                  പോകുന്നു .  ആ ദിവസം എന്റെ മനസ്സ് നിറയെ ആശങ്കകൾ ആയിരുന്നു. അനാഥത്വത്തിന്റെ ഏതോ പാഴ്ക്കുണ്ടിലേക്കു വലിച്ചെറിയപ്പെട്ട പ്രതീതി.എനിക്കാണെങ്കിൽ ഹിന്ദി ഭാഷയിൽ പരിമിതമായ അറിവ് മാത്രം.മലയാളം പഠിച്ചതുകൊണ്ട് കേരളത്തിലല്ലാതെ മറ്റെങ്ങും ജോലി കിട്ടില്ല എന്ന് വിശ്വസിച്ചവനു കിട്ടിയ തിരിച്ചടി . യാത്രയെ സംബന്ധിച്ച വിവരങ്ങൾ അവിടെ നേരത്തെ ജോയിൻ ചെയ്ത ജെസ്സി മേഡം കത്ത് വഴി അറിയിച്ചിരുന്നു . പക്ഷേ അവിടത്തെ പരാധീനതകൾ ഒന്നും കത്തിൽ വെളിപ്പെട്ടിരുന്നില്ല എന്തായാലും രണ്ടും കല്പിച്ച് പുറപ്പെടാൻ തീരുമാനിച്ചു .


          പിന്നീട് പ്രശ്നമായതു റിസർവേഷനാണ്. അന്ന് ഡൽഹിക്ക് ഒരേയൊരു ട്രെയിൻ മാത്രം.അതും പൂർണമായും കേരളത്തിന്‌ സ്വന്തവുമല്ല .കേരള -മംഗള എക്സ്പ്രസ്.പാലക്കാട് ജംഗ്ഷൻ വരെ ഒരു വലിയ ട്രെയിനായി ഓടുന്ന ശകടം പാലക്കാട്ടെത്തിയാൽ രണ്ടു തുണ്ടം . ഒരു പകുതി മംഗലാപുര ത്തേക്കും അടുത്ത പകുതി തിരുവനന്തപുരത്തേക്കും.   അതിനാൽ റിസർവേഷൻ ലഭിക്കുക ഒരു ബാലികേറാമല  ആയിരുന്നു. ഒടുവിൽ റെയിൽവേയിൽ ജോലിയുള്ള ഒരു ബന്ധു മുഖാന്തരം ഒരു സ്ലീപർ ടിക്കറ്റ് സംഘടിപ്പിച്ചു . വെയിറ്റിംഗ് ലിസ്റ്റ് 132 -ഓ മറ്റോ ആണോ എന്നാണ് ഓർമ.



         ഒന്നും പേടിക്കേണ്ട എല്ലാം ഞാൻ ടി.ടി.ഇ യോട് പറഞ്ഞിട്ടുണ്ട് എന്ന് ബന്ധു ആശ്വാസ വാക്കുകൾ പറഞ്ഞു.എന്തായാലും എല്ലാവരിലും എന്നിലും ആശങ്കയുണർത്തിയ എന്റെ യാത്ര                          ആരംഭിക്കുന്നു. ട്രെയിൻ എത്തുന്നതിനുമുമ്പ്  കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.സമയം രാവിലെ 11.30. കേരള-മംഗള എക്സ്പ്രസ് കൂകി എത്തി. ഒരു കിതപ്പോടെ  അത് പ്ലാറ്റ്ഫോമിൽ നിന്നു. അങ്ങനെ ജനിച്ച നാടിനോടും  നാട്ടുകാരോടും വിടപറയുകയാണ്.എന്നോടൊപ്പം എന്റെ അച്ഛൻ മാത്രമേ വന്നിരുന്നുള്ളൂ. അച്ഛനോട് യാത്ര പറഞ്ഞ് ട്രെയിനിലേക്ക് കയറി. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എങ്കിലും അത് പുറത്തുകാണിച്ചില്ല. വീണ്ടും തിരിഞ്ഞ് അച്ഛനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളും നനയുന്നതായി  തോന്നി. വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി.

           വീടിനെയും ഗ്രാമത്തെയും കുറിച്ചുള്ള ചിന്തകൾ  വീണ്ടും അലോസരപ്പെടുത്താൻ  തുടങ്ങി.  കണ്ണുകൾ നിറഞ്ഞൊഴുകി. ഏകനായ എന്റെ ജീവിതംഅറിയപ്പെടാത്ത നാട്ടിൽ എങ്ങനെയാവും എന്ന ആശങ്കയായിരുന്നു മനസ്സു നിറയെ.  കായലുകളും കുന്നുകളും പുഴകളും വയലേലകളും താണ്ടി തീവണ്ടി മുന്നോട്ടു കുതിച്ചു.എന്റെ ദുഃഖം മനസ്സിലാക്കിയ പട്ടാളക്കാരായ നല്ല മനുഷ്യർ എന്നെ ആശ്വസിപ്പിച്ചു. അവർ എനിക്ക് വേണ്ടുവോളം ധൈര്യം തന്നു. യാത്രയിലുടനീളം എനിക്ക് സഹായങ്ങൾ നല്കിയ ആ നല്ലവരായ ആ രാജ്യരക്ഷകരെ ഇവിടെ  സ്നേഹപൂർവം സ്മരിക്കുന്നു 


          അപ്പോഴാണ്‌ ടി. ടി. ഇയുടെ രംഗപ്രവേശം. ടിക്കറ്റ് അദ്ദേഹത്തിനു പരിശോധനയ്ക്ക് നല്കി. എന്നിട്ട് റെയിൽവേ ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞു. പാലക്കാടെത്തുമ്പോൾ താൻ ഡ്യൂട്ടി അവസാ നിപ്പിക്കുമെന്നും അത് കഴിഞ്ഞാൽ വേറെ ആളാണ്‌ ഡ്യൂട്ടിക്കെത്തുന്നതെന്നും പിന്നീട്  തനിക്ക് സഹായിക്കാൻ കഴിയില്ലെന്നും അയാൾ പറഞ്ഞു. അപ്പോഴും വെയിറ്റിംഗ് ലിസ്റ്റുകാരായ ചില പട്ടാള സുഹൃത്തുക്കൾ എനിക്ക് ധൈര്യം പകർന്നു. കോയമ്പത്തൂരിൽനിന്ന് വണ്ടി നീങ്ങിയപ്പോൾ മറ്റൊരു റ്റി.റ്റി.ഇ എത്തി. അയാൾ ടിക്കറ്റ്‌ ആവശ്യപ്പെട്ടു. ഞാൻ പഴയ ടിക്കറ്റ് അയാൾക്ക്‌ നല്കി. വെയിറ്റിംഗ് ആയതുകൊണ്ട് റിസർവ്ഡ് കോച്ചിൽ യാത്ര ചെയ്യാൻ പാടില്ല,ഉടൻ ഇറങ്ങി പോകണമെന്നു അദ്ദേഹം ആജ്ഞാപിച്ചു. പട്ടാളക്കാർ പറഞ്ഞിട്ടും, നിയമത്തിനെതിരായി പ്രവർത്തിക്കാൻ തന്നെ കിട്ടില്ല എന്നയാൾ വാശി പിടിച്ചു. ഒടുവിൽ  കക്കൂസിനടുത്തേക്ക് ആട്ടിപ്പായിക്കപ്പെട്ടു. അവിടെയും എനിക്ക് രക്ഷകരായത്  പട്ടാളക്കാരാണ്. അവർ ഗേറ്റിന്റെ അടുത്ത് അവരുടെ പെട്ടിയുടെ മുകളിൽ ഇരിക്കാൻ  ക്ഷണിച്ചു. അങ്ങനെ അവരോടൊപ്പം ആ പെട്ടിയുടെ അറ്റത്ത്‌ ഇരുന്നു. ജീവിതം പോലെ നീണ്ടുകിടക്കുന്ന ആ പാളത്തിലൂടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വെമ്പലിൽ ഞാൻ യാത്ര തുടർന്നു.

         രാത്രിയിൽ എപ്പോഴോ പത്രക്കടലാസ് വിരിച്ച വെറും നിലത്തുകിടന്നുറങ്ങി. രാവിലെ  ചായ കൊണ്ടുവരുന്ന പാൻട്രിക്കാരുടെ ശാപവചനങ്ങളാണ് എന്നെ ഉണർത്തിയത്. അവരുടെ പോക്കുവരവ് തടസ്സപ്പെട്ടതാണ് അവരെ പ്രകോപിപ്പിച്ചത്.  എന്റെ തീവണ്ടി ആന്ധ്രയിലെ ഉഷ്ണക്കാറ്റിനെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ടു കുതിച്ചു .  മനസ്സ് മാത്രം  വീട്ടിലും ഗ്രാമത്തിലുമായി ചുറ്റിപ്പറ്റി നിന്നു . 



(ഈ ജീവിതാനുഭവങ്ങൾ തുടരണമെന്നുണ്ട് . നിങ്ങൾക്ക് ഇഷ്ടമെങ്കിൽ മാത്രം )
   

Tuesday, April 16, 2013

പൊടിയും പൊട്ടും

ശശീന്ദ്രൻ പുത്തൂർ 

ഭാരതഭൂമി 

പണ്ട്
ഭരതൻ ഭരിച്ച ഭാസുരഭൂമി
ഇന്ന്
ഭാരം പേറും ഭീതഭൂമി

പുഴ

പണ്ട്
ഊഴിയിൽ ഊഴമില്ലാതെ ഒഴുകിയ അഴക്
ഇന്ന്
അഴുക്കിൽ ഉഴലുന്ന കൂഴനിലം

മരം

മരാ മാരാ പാടി വരമാർന്നവനു മറയേകിയ വീറ്‌

 രാജ്യം

രാജ്യമെന്നാൽ ജാം
ആർക്കും കൈയിട്ടു നക്കാം


എ ഫോർ ആപ്പിൾ

പറയുമ്പോൾ തറ പറ
ചെയ്യുമ്പോൾ എ ഫോർ ആപ്പിൾ

ആകാശവെള്ളരി


ആകാശവെള്ളരി പൂത്തു തുടങ്ങുമ്പോൾ
വെള്ളിത്തളികയിൽ നീരൊഴുക്ക്

കവിത

ചിന്തകൾ മൌനം നട്ടു വളർത്തുമ്പോൾ അതിൽ വിടരുന്നതാണ് കവിത.                                                                  


ചിന്ത


ചിന്തകൾ ചന്തയിൽ വിൽക്കേണ്ടതല്ല.

 പ്രണയം 

നിഴലിൽ നിലാമഴ
കരളിൽ കടുംതുടി
ഉഴലുന്നു പ്രണയം

മഴ

കിനാവിന്റെ  കാനൽജലം
വേനലിന്റെ നാവിൽ
ആരോ തൊട്ടുവച്ചു

 ദാമ്പത്യം 

ശ്രുതി ചേരാ വീണയിൽ
ശ്രുതി ചേർത്തുവച്ചു
അത് ദാമ്പത്യം .

 സന്ധ്യ 


ആകാശച്ചെപ്പിലെ
 കുങ്കുമമെല്ലാമേ
രാവിൻ കുസൃതി
വലിച്ചെറിഞ്ഞു .

ചന്ദ്രൻ  

രാത്രിയുടെ ഹാലജൻ കരിവീണു മങ്ങി .

 സ്വാദ് 

ജീവിതം
തൊട്ടുനക്കി
സ്വാദെന്തേ?  

നിത്യം മുഖപുസ്തകപ്പൊലിമയിൽ നിറഞ്ഞെത്തുന്ന കാവ്യങ്ങളാൽ 
സത്യം നിർമ്മല മനോവികസനരസായനസുഖമാർജ്ജിപ്പിതാസ്വാദകർ 
തർക്കത്തിൽ നിന്നുളവാം തെറിവിളിയിൽ നിന്നകറ്റി കാത്തീടു പൈതങ്ങളെ 
ഭദ്രേ, വാഗീശ്വരീ, നലമിയന്നാടൂ മനക്കോവിലിൽ

പുഴകളും പൂക്കളും കിളികളും കാടും 
കടമായെടുത്തു നീ തരിക മൂപ്പാ 
ഹൃദയത്തിനടിവേരു മാന്തിപ്പൊളിച്ചിട്ട് 
ചുടുനിണച്ചാലിൽ കുളിച്ചു കേറാം. 

തരികെന്റെ ദാഹനീർ , തരികെന്റെ സ്വസ്ഥത
തരികെന്റെ ചിന്തകൾ, സ്വപ്നങ്ങളും
തരികെന്റെ ഊരിന്റെ നന്മയും പാട്ടും 
തരികയീക്കാടിന്റെ മർമ്മരവും 

യോഗ്യതകൾ ചെരുപ്പിന്റെ വാറഴിക്കുന്നു

കരളിൽ
കോർത്ത ചൂണ്ട
പൊട്ടില്ല.

നീരിന്റെ
നാരുകൾ ഇഴ-
പിരിഞ്ഞു

മഴനൂലിൽ
കോർത്തെടുത്ത
മരതകമാലകൾ.


കുന്നിനെ കുനിപ്പിച്ചഗസ്ത്യൻ
അഗസ്ത്യനെ  കനപ്പിച്ചു കുന്ന്

നാടിന്റെ നാവുകൾ
വെട്ടിയരിഞ്ഞു
ശ്രുതിസുഖസാരേ.... !!!