Saturday, April 13, 2013

എന്റെ വിഷുവിനെന്തുപറ്റി?!

      ശശീന്ദ്രൻ പുത്തൂർ 
വിഷുപ്പക്ഷി തൻ ശബ്ദം നിലച്ചു 
നിഴൽപക്ഷി തൻ വാക്ക് കൊഴുത്തു
ചതിപ്പാട്ടിന്റെ വായ്ത്താരി പാടിയി -
ട്ടലറീടുന്നിതാ  വറുതി തൻ കരിവിഷു

കൊടിയ രോഷമായ് സൂര്യൻ ജ്വലിച്ചൂ 
നെടിയ രേഖ പോൽ  പുഴകൾ മരിച്ചൂ 
നവസുഗന്ധം പരത്തിയ കാറ്റ് 
മരണഗന്ധം നിറച്ചാഞ്ഞു വീശി 

എവിടെ ദാഹനീർ?പ്ലാസ്റ്റിക് ബോട്ടിലിൽ
എവിടെ ശ്വാസമേ? ഓക്സിജൻ പാർലറിൽ
എവിടെ നൽത്തണൽ?ടാർപോളിൻ നിഴലിലോ .
എവിടെ നിർഭയം? മരണത്തിൻ കാൽക്കലോ!!

ദിനം ദിനം നമ്മൾ ജപിക്കുന്നുണ്ടല്ലോ
നെടും നെടും പാത വളരെ വേണമേ!
അതിനുവേണ്ടിയീ തലക്കുന്നോരോന്നും
തകർക്കണം നമുക്കൊടുവിലെത്തീടാൻ

കരിവിഷുപ്പക്ഷി ചതിപ്പാട്ടിൻ പൊരുൾ
പലവുരു പാടി രസിച്ചു കേട്ടു നാം
ഒടുവിൽ നാമോതി 'വികസനസുഖം
അതൊന്നറിഞ്ഞിട്ടു മരിച്ചാലും മതി. 

വയൽ നികത്തുക,ജലം വറ്റിക്കുക
നെടിയതാമൊരു നിലം  ചമയ്ക്കുക
തകൃതിയായ് 'ഷോപ്പിംഗ് മാളു' തീർക്കുക
തകരാറാകാതെ നവനരനാകൂ'

വികസനം വെറും വികസനമല്ല 
വിഷം നിറയ്ക്കലാം  നവവികസനം 
ഒടുവിലീ മണ്ണും മനുഷ്യനും പോലും 
ഒടുങ്ങിടുന്നതാം ദുരന്തമാകുമോ ?


ഹൃദയതാമ്പാളം നിറയെ ഞാനെന്റെ 
കണിയൊരുക്കുന്നു പ്രകൃതിമാതാവേ !
വിഷം വിളയുന്ന നവലോകത്തിലും  
പുതുപ്രതീക്ഷ തൻ ഒരു പിടിക്കൊന്ന!!  


6 comments:


  1. വിഷം വിളയുന്ന നവലോകത്തിലും
    പുതുപ്രതീക്ഷ തൻ ഒരു പിടിക്കൊന്ന!

    അതെന്നും നമ്മളില്‍ നന്മ വിതയ്ക്കട്ടെ, നല്ല വരികള്‍, ഒരുപാട് നന്നായിരിക്കുന്നു...വിഷു ആശംസകള്‍, ശശീന്ദ്രന്‍ സാര്‍...:)

    ReplyDelete
  2. നന്ദി അനിൽ സർ

    ReplyDelete
  3. ആശംസകൾ
    നല്ല വരികളാണല്ലൊ

    ReplyDelete
  4. നന്ദി ശ്രീ.ഷാജു

    ReplyDelete
  5. നന്മവറ്റാത്ത മനസ്സുകളിലാണെന്റെ പ്രതീക്ഷ...

    ReplyDelete
  6. നന്ദി ശ്രീ. നവാസ് ഷംസുദ്ദീൻ

    ReplyDelete