Thursday, April 11, 2013

തല തിരിഞ്ഞ ചിന്തകൾ

ശശീന്ദ്രൻ പുത്തൂർ 
തെരുവുകളിലലയുന്നതാരുടെ മൌനം 
നവ വായില്ലാക്കുന്നിലപ്പന്റെയോ?
കിനാവിന്റെ വള്ളിയിൽ തൂങ്ങുന്ന വാനരത്വം 
നവയുഗചേതനയോ ?

ശിഥിലമോഹങ്ങളിൽ സ്വപ്നസഞ്ചാരി ആജ്ഞാപിച്ചു 
ആരാണ് ചിന്തയുടെ താക്കോൽ കൊടുത്തത് ?
അവനെ സോക്രട്ടീസാക്കുക. 

പാപപങ്കിലയായ നഗരവധു 
മാനനഷ്ടത്തിന്റെ കണക്കെടുത്തു 
പക്ഷേ, അവ കിട്ടാക്കടമായിരുന്നു 

ക്രൂശിതബിംബത്തിനു നേരെ യൂദാസുകൾ 
വെള്ളിക്കാശ് വലിച്ചെറിഞ്ഞു 
ഒറ്റാനിനിയും ധൈര്യം തരണേ ദൈവമേ !!

ശിവലിംഗ പ്രതിഷ്ഠയിൽ അഭിഷേചിക്കാൻ വെള്ളം 
കൊക്കൊകോളയിൽനിന്നും ഇരന്നു വാങ്ങി 
അതും വിഷമായിരുന്നു 
പണ്ടേ വിഷം കുടിച്ചു പരിചയമുള്ള ഭഗവാൻ 
ഉള്ളതുകൊണ്ട് 'അഡ്ജസ്റ്റ്'ചെയ്തു!! 

ജീവിതം ചുട്ടുപൊള്ളിച്ചപ്പോൾ ഭക്തൻ 
രക്ഷാനീര് തേടിയലഞ്ഞു 
മനോവ്രണത്തിൽ എപ്പോഴോ 
ശാസനയുടെ അയഡിൻ പുരളുമ്പോൾ 
അത് നനുത്ത സ്പർശമാകാൻ ആഗ്രഹിച്ചു 

രാഷ്ട്രകോവിദൻ നഷ്ടത്തിന്റെ കണക്കെടുത്തു
കണക്കെടുപ്പുകാരുടെ മനസ്സുനിറയെ 
കുട്ടനാട്ടിലെ കരിമീനും തവളക്കാലും മാത്രം 
ചെയ്യാൻ പറ്റാത്ത വാഗ്ദാനങ്ങൾ ഭക്തന് 
ആവശ്യത്തിലേറെ കിട്ടി .... 
നിർവാണമടഞ്ഞു ...!

കവിയുടെ നീറുന്ന വാക്കിൽ  
ഭരണവും പൊള്ളിയടർന്നു 
അതിന്റെ നീറ്റലിൽ അത് 
പുലഭ്യം പറയാൻ തുടങ്ങി 

അത് ഇന്നും തുടരുന്നു!!! 



6 comments:

  1. പണ്ടേ വിഷം കുടിച്ചു പരിചയമുള്ള ഭഗവാൻ
    ഉള്ളതുകൊണ്ട് 'അഡ്ജസ്റ്റ്'ചെയ്തു!!

    നല്ല വരികള്‍, സര്‍...ഇഇയും പ്രതീക്ഷിക്കുന്നു, ഇഷ്ടായി ഈ ഉപഹാസ്യം...:)

    ReplyDelete
  2. പോയകാലത്ത് തന്നില് വെളിപ്പെട്ട വെളിപാടുകളുടെ വെളിച്ചത്തിൽ പരിസരങ്ങളിലെ പൊരുത്തക്കേടുകളോട് കലഹിച്ചോരെല്ലാം വർത്തമാനത്തിൽ സ്മാരകങ്ങൾ മാത്രമാണ്.

    ReplyDelete
  3. എല്ലാം നല്ല കവിതകള്‍

    ഏറെ ഇഷ്ട്ടമായത് എന്റെ മലയാളം

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം. നന്ദി

      Delete