Sunday, April 21, 2013

ഭൂമി

ശശീന്ദ്രൻ പുത്തൂർ 
ഒഴുകും പുഴയുടെ തണുവെവിടെ കുഞ്ഞേ ?
പെയ്യും മഴയുടെ കുളിരെവിടെ കുഞ്ഞേ?
വിടരുന്ന പൂവിന്റെ മണമെവിടെ കുഞ്ഞേ?
പാറുന്ന പക്ഷിയുടെ പാട്ടെവിടെ കുഞ്ഞേ?

നനുനനെ സ്പർശമായ് ഹൃദയം നിറച്ചൊരാ-
നവഗന്ധമുതിരുന്ന കാറ്റെവിടെ കുഞ്ഞേ?
ഓർമകളിൽ ചന്ദനലേപം മണക്കുന്ന
മുനിമാർ തപംചെയ്ത കാടെവിടെ  കുഞ്ഞേ?

നിഴലായ്, വെളിച്ചമായെ,ൻ കുഞ്ഞുലോകത്തു
നിറമാർന്ന ചിത്രം ഒരുക്കിയ പ്രകൃതി നീ
ഒരു വിടൻ വേനൽതൻ ചൂഴ്ന്ന നോട്ടത്തിലോ
ചൂളി, കരിഞ്ഞുണങ്ങാറായി നിന്നുപോയ് .

പച്ചപ്പൊടിപ്പായ് മനസ്സിൽ സൂക്ഷിച്ചൊരാ-
ഭൂമിതൻ മുഖകാന്തിയെവിടെന്റെ കുഞ്ഞേ
ദുര തന്റെ അമ്ലത്തിൽ പൊള്ളിയടർന്നുവോ
കണ്ടാലറയ്ക്കുന്ന പേക്കൊലമായിതോ ?

ചുട്ടുപൊള്ളിച്ചു നാം ഭൂമിതൻ മാറിനെ
സ്തന്യം ചുരത്തിയോരമ്മ തൻ നെഞ്ചിനെ
വെട്ടിയെടുത്തു ആ പാൽചുരത്തും മാറ്
വീശിയെറിഞ്ഞിതാ  കണ്ണീർത്തടങ്ങളിൽ.

ചുടലക്കളത്തിലുയർത്തുന്ന സ്മാരകം
പോലവേ നമ്മൾ നിറച്ചു സൌധങ്ങളും
ഒറ്റക്കുലുക്കത്തിലെല്ലാം നശിപ്പിച്ചു
ഭൂമി പ്രതികാരദാഹിയായ് മാറിയോ?

സർവംസഹയ്ക്കും സഹിക്കാൻ കഴിയുന്ന
സീമകളുണ്ടെന്നതോർക്കനീ പൊന്നുണ്ണി
നിൻ നവലോകത്തിലെങ്കിലുമീയൂഴി
നന്മതൻ കേദാരമായ് വിലസീടട്ടെ.

ഹൃദയത്തിൽ തൊട്ടുവച്ചാഹ്ലാദമേകുവാൻ
നവവസന്തത്തിന്റെ പൂമാല കോർക്കുവാൻ
അമൃതയാം ഭൂമിയെ പട്ടു ചുറ്റിക്കുവാൻ
ഹൃദയമുരുക്കി പ്രകാശം നിറയ്ക്കുവാൻ

ആകട്ടെ നിൻ നവലോകത്തിനെപ്പോഴും
നീയാണ് ആശതൻ പൊൻകിരണപ്പൊരുൾ.



  
   

6 comments:

  1. നല്ല ആശയം, വരികള്‍ വളരെ നന്നായി, ശശീന്ദ്രന്‍ സാര്‍...ഇനിയും എഴുതണം...:)
    ആശംസകള്‍...

    ReplyDelete
  2. ഒത്തിരി നന്ദി അനിൽ സർ

    ReplyDelete
  3. ഭൂമി എങ്ങോട്ട് എന്ന ചോദ്യം എന്നിലും നിന്നിലും നമ്മിലോരുരുത്തരിലും

    ReplyDelete
  4. പൂർത്തിയാക്കാൻ കഴിയാത്ത സമസ്യ. അല്ലേ ശ്രീ. ഷാജു അത്താണിക്കൽ. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

    ReplyDelete
  5. ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി പ്രത്യാശയോടെ നമ്മള്‍ ....

    ReplyDelete
  6. വേണുഗോപാൽ സാറിനു നന്ദി

    ReplyDelete