Tuesday, April 16, 2013

പൊടിയും പൊട്ടും

ശശീന്ദ്രൻ പുത്തൂർ 

ഭാരതഭൂമി 

പണ്ട്
ഭരതൻ ഭരിച്ച ഭാസുരഭൂമി
ഇന്ന്
ഭാരം പേറും ഭീതഭൂമി

പുഴ

പണ്ട്
ഊഴിയിൽ ഊഴമില്ലാതെ ഒഴുകിയ അഴക്
ഇന്ന്
അഴുക്കിൽ ഉഴലുന്ന കൂഴനിലം

മരം

മരാ മാരാ പാടി വരമാർന്നവനു മറയേകിയ വീറ്‌

 രാജ്യം

രാജ്യമെന്നാൽ ജാം
ആർക്കും കൈയിട്ടു നക്കാം


എ ഫോർ ആപ്പിൾ

പറയുമ്പോൾ തറ പറ
ചെയ്യുമ്പോൾ എ ഫോർ ആപ്പിൾ

ആകാശവെള്ളരി


ആകാശവെള്ളരി പൂത്തു തുടങ്ങുമ്പോൾ
വെള്ളിത്തളികയിൽ നീരൊഴുക്ക്

കവിത

ചിന്തകൾ മൌനം നട്ടു വളർത്തുമ്പോൾ അതിൽ വിടരുന്നതാണ് കവിത.                                                                  


ചിന്ത


ചിന്തകൾ ചന്തയിൽ വിൽക്കേണ്ടതല്ല.

 പ്രണയം 

നിഴലിൽ നിലാമഴ
കരളിൽ കടുംതുടി
ഉഴലുന്നു പ്രണയം

മഴ

കിനാവിന്റെ  കാനൽജലം
വേനലിന്റെ നാവിൽ
ആരോ തൊട്ടുവച്ചു

 ദാമ്പത്യം 

ശ്രുതി ചേരാ വീണയിൽ
ശ്രുതി ചേർത്തുവച്ചു
അത് ദാമ്പത്യം .

 സന്ധ്യ 


ആകാശച്ചെപ്പിലെ
 കുങ്കുമമെല്ലാമേ
രാവിൻ കുസൃതി
വലിച്ചെറിഞ്ഞു .

ചന്ദ്രൻ  

രാത്രിയുടെ ഹാലജൻ കരിവീണു മങ്ങി .

 സ്വാദ് 

ജീവിതം
തൊട്ടുനക്കി
സ്വാദെന്തേ?  

നിത്യം മുഖപുസ്തകപ്പൊലിമയിൽ നിറഞ്ഞെത്തുന്ന കാവ്യങ്ങളാൽ 
സത്യം നിർമ്മല മനോവികസനരസായനസുഖമാർജ്ജിപ്പിതാസ്വാദകർ 
തർക്കത്തിൽ നിന്നുളവാം തെറിവിളിയിൽ നിന്നകറ്റി കാത്തീടു പൈതങ്ങളെ 
ഭദ്രേ, വാഗീശ്വരീ, നലമിയന്നാടൂ മനക്കോവിലിൽ

പുഴകളും പൂക്കളും കിളികളും കാടും 
കടമായെടുത്തു നീ തരിക മൂപ്പാ 
ഹൃദയത്തിനടിവേരു മാന്തിപ്പൊളിച്ചിട്ട് 
ചുടുനിണച്ചാലിൽ കുളിച്ചു കേറാം. 

തരികെന്റെ ദാഹനീർ , തരികെന്റെ സ്വസ്ഥത
തരികെന്റെ ചിന്തകൾ, സ്വപ്നങ്ങളും
തരികെന്റെ ഊരിന്റെ നന്മയും പാട്ടും 
തരികയീക്കാടിന്റെ മർമ്മരവും 

യോഗ്യതകൾ ചെരുപ്പിന്റെ വാറഴിക്കുന്നു

കരളിൽ
കോർത്ത ചൂണ്ട
പൊട്ടില്ല.

നീരിന്റെ
നാരുകൾ ഇഴ-
പിരിഞ്ഞു

മഴനൂലിൽ
കോർത്തെടുത്ത
മരതകമാലകൾ.


കുന്നിനെ കുനിപ്പിച്ചഗസ്ത്യൻ
അഗസ്ത്യനെ  കനപ്പിച്ചു കുന്ന്

നാടിന്റെ നാവുകൾ
വെട്ടിയരിഞ്ഞു
ശ്രുതിസുഖസാരേ.... !!!





5 comments:

  1. ചെറുതെങ്കിലും ,വരികള്കിടയിലെ സന്ദേശങ്ങൾ എത്ര മഹത്തരം ..........
    അഭിനന്ദനങൾ .................

    ReplyDelete
  2. കൊള്ളാം, സാര്‍...
    'ഭൂമി' എന്ന് തിരുത്തുമല്ലോ...

    ReplyDelete
  3. എല്ലാവർക്കും നന്ദി

    ReplyDelete
  4. ചെറിയ വരികളിലെ വലിയ അര്‍ഥങ്ങള്‍ ഇഷ്ടമായി

    ReplyDelete
  5. സന്തോഷം ശ്രീ.പ്രമോദ് കുമാർ

    ReplyDelete