‘ചീനപഗോഡ’പോൽ നിരവച്ചിരിക്കുന്ന ചാണകവറളി തൻ ഗോപുരം കണ്ടു
മണ്ണിൽ കൃഷീവലർ സ്വേദമാം തുള്ളികൾ
പൊന്നാക്കി മാറ്റുന്ന ജാലങ്ങൾ കണ്ടു
ഗ്രാമക്കിടാങ്ങൾ നിലവിട്ടു നഗ്നരായ്
ചേറിൽ കളിക്കുന്ന കാഴ്ചകൾ കണ്ടു
ഗ്രാമീണപ്പെണ്ണ് മുഖം മറച്ചാ ഭംഗി
അന്യർക്ക് അന്യമാം സംസ്കൃതി കണ്ടു.
തണ്ണീർക്കുടവുമായ് അണിയായ് നീങ്ങുന്ന
പെണ്ണുങ്ങൾ കണ്ണിലെ സ്വപ്നങ്ങൾ കണ്ടു
മനസ്സിന്റെ അകലങ്ങൾ കുറയുവാനായ് തീർത്ത
ഇടതിങ്ങി നിറയുന്ന കുടിലുകൾ കണ്ടു .
പൊടിമണ്ണിളകിപ്പറക്കുന്ന പാതയിൽ
നിരവച്ചു നീങ്ങുന്ന വണ്ടികൾ കണ്ടു
വേപ്പിൻ മരത്തണൽതോറും നിരക്കുന്ന
'ചാർപ്പായി'ക്കട്ടിലിൽ ചാഞ്ഞിരുന്നന്യോന്യം
ഹുക്കാ വലിച്ചു വെടിവട്ടമോതുന്ന
വൃദ്ധജനങ്ങൾ തൻ യോഗങ്ങൾ കണ്ടു .
തൊടിയിലെ തേന്മാവ് പുഷ്പിണിയായെന്ന്
വണ്ടിനോടോതുന്ന കാറ്റിനെ കണ്ടു
പാടവരമ്പിലോ ധ്യാനാനുശീലനം
തെറ്റാതെ ചെയ്യുന്ന കൊറ്റിയെ കണ്ടു
ഷഡ്ജസ്വരങ്ങളാൽ ജതികളുണർത്തുന്ന
മാമയിൽപക്ഷികൾ ചുറ്റുന്ന കണ്ടു
മന്ദ്രമധുരമാം പഞ്ചമസ്ഥാനങ്ങൾ
പാടിയുണർത്തുന്ന കുയിലിനെ കണ്ടു .
ആടിക്കുണുങ്ങി നാണം കാട്ടിയോടുന്ന
കുഞ്ഞിക്കുളക്കോഴിപ്പെണ്ണിനെ കണ്ടു
ചന്തം നിറയ്ക്കുന്ന കൂടുകൾ നെയ്യുന്ന
സുന്ദരനെയ്‌തൽക്കിളികളെ കണ്ടു
യമുനയുടെ ഓളപ്പരപ്പിൽ തിമിർക്കുന്ന
കന്നാലിപ്പിള്ളരാം കുട്ട്യോളെ കണ്ടു .
എന്തിനി കാണുവാൻ കാഴ്ചകൾ?ഞാൻ വാഴും
ഗ്രാമസൌഭാഗ്യത്തിൻ ദൃശ്യപ്പൊലിമകൾ!!! ശശീന്ദ്രൻ പുത്തൂർ

നിറയുന്ന ഗ്രാമസൌഭാഗ്യം ...ഞങ്ങളും കണ്ടു, കവിതയിലൂടെ...:)
ReplyDeleteആശംസകള്‍...
നന്ദി അനിൽ സർ
ReplyDeleteഗ്രാമക്കാഴ്ചകള്‍ :)
ReplyDeleteഗ്രാമക്കാഴ്ചകൾ ഇഷ്ടമായോ? പ്രതികരണത്തിനു നന്ദി
ReplyDelete