Sunday, March 10, 2013

പ്രാര്‍ഥിക്ക ശാന്തിക്കായ്


ശശീന്ദ്രന്‍ പുത്തൂര്‍ 



ഓമനക്കണ്ണും പൂട്ടി അമ്മതന്‍ നെഞ്ചിന്‍ ചൂടില്‍ 
ചാഞ്ചക്കമുറക്കത്തില്‍ ചായും കുഞ്ഞിപ്പൂവേ !
നീയറിഞ്ഞില്ല  നീയാം പിഞ്ചിളം  പൂമൊട്ടിനെ
കാമപ്പിശാചിനാല്‍ കശക്കി ദൂരെ കളയുമെന്ന് 

മൂന്നു വയസ്സില്‍ പിച്ച നടക്കും പൂമ്പൈതലേ 
നിന്നെ കാമക്കണ്ണാല്‍ കാണുവാന്‍ ആര്‍ക്കാകുമോ ?
നീചനാം വേട്ടപ്പട്ടിക്കെന്തന്തരം ഹാ ! കഷ്ടം 
ദീനനാം മുയല്‍ക്കുഞ്ഞും പെണ്‍പുലിക്കൂട്ടങ്ങളും 

ആണിനെപ്പോലെ ഒരേ ആത്മാവും ശരീരവും 
പെണ്ണിലും നിറയുന്നതറിയു നീ നിശാചരാ!
നിന്റെ കാമക്കൂത്തില്‍ എരിയാനുള്ളതല്ല 
നാളെ തന്‍ വാഗ്ദാനമാം പിഞ്ചുകുഞ്ഞുങ്ങളൊന്നും 

പേപ്പട്ടിയെപ്പോലെ ലക്കുകെട്ടോടിപ്പോകും നിന്റെ
 കോമ്പല്ലില്‍ കോര്‍ക്കാന്‍ യോഗ്യയോ  ഇപ്പിഞ്ചോമന 
നീയൊരച്ഛനാണെന്നിരിക്കില്‍ നിന്‍ പുത്രിക്ക് 
ഈ ഗതി വരുമെങ്കില്‍ സഹിക്കാന്‍ സാധിക്കുമോ ?

എവിടെ എത്തിനില്‍ക്കുന്നു കേരളപ്രബുദ്ധത ?
അമ്മ മലയാളമേ! ലജ്ജിക്കാന്‍ തോന്നുന്നില്ലേ ?
എന്തു നിന്‍ മക്കള്‍ കാമക്കലിയുമായ് അലയുന്നു ?
സന്തതം നിന്‍ നൊമ്പരം കാണാത്തതെന്തേ അവര്‍ 

പെണ്ണിനെ ഭോഗിക്കുവാന്‍ കച്ച കെട്ടിയോര്‍ക്കെല്ലാം 
നീചസങ്കല്പത്തില്‍ വെറും ചരക്കാകുന്നു സ്ത്രീകള്‍ 
ഇത്തരം മനുഷ്യാധമന്മാരെ സഹിക്കുവാന്‍ 
എത്രനാള്‍ കഴിയുമോ ? കേരളമാതേ ദേവി 

സ്ത്രീയെ ദേവിയായി ആരാധിക്കും നാട്ടില്‍ 
പിഞ്ചുകുഞ്ഞിനെ പോലും കാമപൂര്‍ത്തിക്കായ് മാറ്റി 
ആര്‍ഷസംസ്കാരപ്പുകഴാടിയ ഭാരതഭൂവേ 
പ്രാര്‍ഥിക്ക ശാന്തിക്കായി, പെണ്ണിന്റെ മാനത്തിനായ് 


10 comments:

  1. ആര്‍ഷസംസ്കാരപ്പുകഴാടിയ ഭാരതഭൂവേ
    പ്രാര്‍ഥിക്ക ശാന്തിക്കായി, പെണ്ണിന്റെ മാനത്തിനായ് നല്ല കവിത....സാര്‍...

    ReplyDelete
  2. നാട്ടിലെ ആണിനേയും പേടിക്കണം

    വരികളില്‍ യാഥാര്‍ത്ഥ്യം ഉണ്ട് ആശംസകള്‍

    ReplyDelete
  3. നല്ല കവിത, നല്ല വരികൾ, തുടരുക
    ആശംസകൾ

    ReplyDelete
  4. Hai this is real poem if all the menfolk become perfect gentlemen in the society no girlchild will be crushed under brutal strenghth like this .Sir may your poems enlighten the heart of everyman in this society.Hearty congratulations

    ReplyDelete
  5. ആശംസകള്‍ ,...വീണ്ടും വരാം

    ReplyDelete