Wednesday, March 6, 2013

പ്രണയം

                                                                                                                              ശശീന്ദ്രന്‍ പുത്തൂര്‍ 

മൃദുലമാം  തളിരിന്റെ  നേര്‍ത്ത തലോടല്‍ പോല്‍ 
മനസ്സില്‍ നിറയ്ക്കുന്ന  പ്രേമം 
ഹൃദയമാം പുസ്തകത്താളില്‍ സൂക്ഷിക്കുവാന്‍ 
നിറമാര്‍ന്ന പീലിയായ്  പ്രേമം 
ചന്തത്തില്‍ വടിവാര്‍ന്ന രാഗപ്പൊലിമകള്‍ 
ചന്ദനം ചാര്‍ത്തിച്ച പ്രേമം 
മണ്ണില്‍ പണിയും കൃഷീവലസ്നേഹത്തില്‍ 
മണ്ണാര്‍ന്നു നിന്നതു പ്രേമം. 
വീട്ടിന്‍ വിളക്കായ് പ്രകാശം പൊഴിച്ചതു 
സഹധര്‍മമാര്‍ജിച്ച പ്രേമം 
ചിന്തയെ രാകി മിനുക്കിയൊരുക്കുവാന്‍ 
ചിന്തേരിലോടിയ പ്രേമം 
അന്തിപ്പകിട്ടേകും വാര്‍ധക്യസൂനത്തെ 
ഇതളിട്ടുണര്‍ത്തിയ പ്രേമം 
പുഞ്ചിരിവെട്ടത്തില്‍ പഞ്ചാരമിഠായി 
വാരി വിതറിയ പ്രേമം 
നിഷ്കാമഭാവത്തില്‍ നിഷ്കപടാഗ്നിയെ 
മന്നില്‍ കൊളുത്തുന്നു പ്രേമം 
സീമന്തരേഖയില്‍ സിന്ദൂരരേണുക്കള്‍ 
ചാര്‍ത്തിക്കൊടുത്തൊരാ പ്രേമം 
മോഹഭംഗങ്ങളില്‍ സ്നേഹക്കെടുതിയില്‍ 
കണ്ണുനീര്‍ വാര്‍ക്കുന്നു പ്രേമം 
ഒരു ജഡിലമോഹത്തിന്‍ ഊരാക്കുടുക്കിനാല്‍ 
ശ്വാസം നിലച്ചതാം  പ്രേമം 
ശാന്തികവാടത്തില്‍ വെന്തെരിഞ്ഞീടുന്നു  
ശാശ്വതസത്യമായ് പ്രേമം 
ഒരു വനപക്ഷിയുടെ രോദന പര്‍വത്തില്‍ 
അറിയാതുണര്‍ന്നൊരാ പ്രേമം 
ഒരു ക്രൗഞ്ചപ്പിടയുടെ വേദന പര്‍വത്തില്‍ 
നവരാഗഗാനമായ് മാറി 
പ്രേമമിതാരാനും കണ്ടുപിടിച്ചതോ? 
പ്രേമിയില്‍ മൊട്ടിട്ടുണര്‍ന്നുയരുന്നതോ 
ഏതെന്നുമെന്തെന്നുമെങ്ങനെയെന്നതു-
മറിയില്ലയെങ്കിലും ,ഒരു സത്യമറിയുന്നു 
ഒരു സുഖനോവായ് നനുനനെ സ്പര്‌ശമായ് 
ജീവനിലുറയുന്നു പ്രേമം 
    

6 comments:

  1. ഹേ പ്രണയമേ നീ എത്രയോ തണുപ്പ് അത്രമേൽ എന്നിലെ ഹിമപാളി

    ReplyDelete
  2. പ്രപഞ്ചത്തിന്റെ ചൈതന്യമായ പ്രേമവികാരത്തെപറ്റിയുള്ള ഈ ഈരടികൾ നന്നായിരിക്കുന്നു.
    “ഒരു വനപക്ഷിതൻ രോദന പര്‍വത്തില്‍
    അറിയാതുണര്‍ന്നൊരാ പ്രേമം
    ഒരു ക്രൗഞ്ചപ്പിടയുടെ വേദന പര്‍വത്തില്‍
    നവരാഗഗാനമായ് മാറി“
    എന്നാണെങ്കിൽ ഒന്നുകൂടി നന്നാകും എന്ന് തോന്നി.

    ആശംസകൾ

    ReplyDelete
    Replies
    1. താങ്കളുടെ അഭിപ്രായത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സ്വീകരിക്കുന്നു.ഒത്തിരി നന്ദി.

      Delete
  3. " ഒരു സുഖനോവായ് നനുനനെ സ്പര്‌ശമായ്
    ജീവനിലുറയുന്നു പ്രേമം"

    ആശംസകള്‍...!

    ReplyDelete
  4. നന്ദി ശ്രീ.roopz

    ReplyDelete